‘‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണമെന്ന് യുവനേതാവ് പറഞ്ഞത്, അന്ന് രൂക്ഷമായി പ്രതികരിച്ചു’’: പുതുമുഖ നടി   

നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയോ എടുത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്നു പറയുന്നതെന്നും പുതുമുഖനടി.

Aug 20, 2025 - 21:29
Aug 20, 2025 - 21:29
 0
‘‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണമെന്ന് യുവനേതാവ് പറഞ്ഞത്, അന്ന് രൂക്ഷമായി പ്രതികരിച്ചു’’: പുതുമുഖ നടി   

കൊച്ചി: ജനപ്രതിനിധിയായ യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. യുവനേതാവിൽനിന്നു മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതു പോലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയോ എടുത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്നു പറയുന്നതെന്നും അവർ വ്യക്തമാക്കി.

‘‘സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ പല മാന്യദേഹങ്ങളുടെയും മനോഭാവം ‘ഹു കെയേഴ്സ്’ എന്നായിരുന്നു. ഇത്തരമൊരു അനുഭവം ഉണ്ടായതു തുറന്നുപറഞ്ഞതിനു ശേഷവും ആ വ്യക്തിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ട്. നേതാവിന്റെ പേരു പറയാത്തത്, ആ പ്രസ്ഥാനത്തിലുള്ള പല നേതാക്കളുമായും സൗഹൃദമുണ്ട് എന്നതിനാലാണ്. അവരെ ആരെയും മോശക്കാരാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഇനിയും ഉണ്ടാകുകയാണെങ്കിൽ അപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കും.’’ – റിനി ആൻ ജോർജ് പറഞ്ഞു.

‘‘സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. എന്നാൽ, കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു. അത്തരമൊരു ആളിൽനിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ല’’, റിനി പറഞ്ഞു. ‘‘ഇങ്ങനെയാകരുത്, വളർന്നു വരുന്ന ഒരു യുവനേതാവാണ്, സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നു ഞാൻ തുടക്കത്തിൽ ഉപദേശിച്ചിരുന്നു. അപ്പോഴും അയാൾ പറഞ്ഞത് വലിയ സ്ത്രീ പീഡനക്കേസിലൊക്കെപെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നാണ്’’– നടി വ്യക്തമാക്കി.

ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും അയാളുടെ പ്രസ്ഥാനത്തിന് ധാർമികയുണ്ടെങ്കിൽ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാൻ തയാറാകണമെന്നും അവര്‍ പറഞ്ഞു. ‘‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം എന്ന് യുവനേതാവ് പറഞ്ഞത്. അന്ന് രൂക്ഷമായി പ്രതികരിച്ചു. പിന്നെ കുറച്ചു നാളത്തേയ്ക്കു കുഴപ്പമുണ്ടായില്ല. എന്നാൽ പിന്നെയും ആവർത്തിച്ചു. ഒട്ടേറെ പേർ പരാതിയുമായി വന്ന സാഹചര്യത്തിലാണ് ഇത്രയെങ്കിലുമൊക്കെ പറയുന്നത്.’’– റിനി ആൻ ജോര്‍ജ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow