നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്
2017-ൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്ന് അവരെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ അറിയിച്ചു.
നിയമപോരാട്ടത്തിനാവശ്യമായ സാമ്പത്തിക സഹായത്തിനായി ട്രസ്റ്റ് പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയും ഇതിനായി ക്യുആർ കോഡ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നടിക്ക് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവും (WCC) രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വേളയിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഇതിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും ആരോപിച്ച് അതിജീവിത പുതിയ റിട്ട് ഹർജിയും നൽകും.
2017 ഫെബ്രുവരിയിൽ നടന്ന അക്രമ സംഭവത്തിൽ എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2025 ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധി പറഞ്ഞത്. പൾസർ സുനി ഉൾപ്പെടെയുള്ള നേരിട്ട് പങ്കെടുത്ത ആറു പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ദിലീപ് അടക്കമുള്ള നാലുപേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. ഈ വിധിക്കെതിരെ നേരത്തെ തന്നെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരുന്നു. വൃന്ദ ഗ്രോവർക്കൊപ്പം അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ. സന്ധ്യ എന്നിവരും അതിജീവിതയുടെ നിയമസംഘത്തിലുണ്ട്.
What's Your Reaction?