‘പിഎം ശ്രീയിൽ സതീശൻ കളവ് പറയുന്നു; ബിജെപിക്ക് പൂർണമായി കീഴടങ്ങി യുഡിഎഫ് സർക്കാർ’ – എം.വി. ഗോവിന്ദൻ
കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയെ നേരത്തെ ബിജെപി-സിപിഎം ധാരണയുടെ ഭാഗമാണെന്ന് ആരോപിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷം പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ഇപ്പോൾ അതിനെ ന്യായീകരിക്കുകയും ചെയ്യുകയാണെന്ന് ഗോവിന്ദൻ വിമർശിച്ചു. മുൻ സർക്കാർ പദ്ധതി നടപ്പാക്കിയില്ല, മറിച്ച് മരവിപ്പിച്ച നിലയിലാണ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയോട് പൂർണമായും വഴങ്ങിയ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച ഗോവിന്ദൻ, സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം, എംജി സർവകലാശാല വൈസ് ചാൻസലർ നിയമനം, ആർഎസ്എസ് അംഗങ്ങളെ സെനറ്റ് അംഗങ്ങളാക്കിയത് തുടങ്ങിയ വിഷയങ്ങളിലും സർക്കാർ മൗനം പാലിച്ചുവെന്നും വിമർശിച്ചു.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ച സാഹചര്യത്തിൽ കേരളം ഇതിനകം പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പഠനം നടത്താൻ വിദ്യാഭ്യാസമന്ത്രി കൺവീനറായ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മുഖ്യമന്ത്രി അറിയിച്ചു.
What's Your Reaction?



