ഗർഭിണി മരിച്ച കാർ തീപിടിത്തം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു; ദുരൂഹത ഇരട്ടിച്ച് കോഴിക്കോട് സംഭവം
കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്. നേരത്തെ അപകടത്തിൽ ഭാര്യ സോന (27) മരണപ്പെട്ടിരുന്നു.
മെയ് 15 രാത്രി 9.15ഓടെയാണ് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ സഞ്ചരിക്കുകയായിരുന്ന കാറിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. മുഖം, നെഞ്ച് ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ഗുരുതര പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം, കാറിന് തീപിടിച്ച സംഭവത്തിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ സോനയുടെ കുടുംബം ഇത് ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ പിന്നീട് പേരാമ്പ്ര–കോഴിക്കോട് റോഡിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ആത്മഹത്യാശ്രമത്തിനിടെയുണ്ടായ സംഭവമാണോ എന്ന സംശയവും ഉയർന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ച രജിൻലാലിന്റെ കുടുംബം, അപകടവും സോനയുടെ മരണവും അതീവ വേദനാജനകമാണെന്ന് മാത്രമാണ് അറിയിച്ചത്.
കത്തിയ കാറിൽ പൊലീസ്, ഫൊറൻസിക് സംഘം, മോട്ടോർ വാഹന വകുപ്പ് എന്നിവർ നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും എൻജിനിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തി. കാറിലെ എസി, റേഡിയേറ്റർ, വയറിംഗ് എന്നിവയ്ക്കും തകരാർ കണ്ടെത്തിയിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി കാറിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, ബാഗിന്റെ അവശിഷ്ടങ്ങൾ, കത്താതെ ശേഷിച്ച തുണിത്തരങ്ങൾ എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാറിനുള്ളിൽ നിന്ന് ഒരു കാനിന്റെ മൂടിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ടിനായി അന്വേഷണം തുടരുകയാണ്.
അതേസമയം, പ്ലസ് ടു പഠനകാലത്ത് പരിചയപ്പെട്ട സോനയും രജിൻലാലും വർഷങ്ങളോളം പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വിവാഹത്തിൽ നിന്ന് രജിൻ പിന്മാറി മറ്റൊരു വിവാഹത്തിന് ശ്രമിച്ചിരുന്നുവെന്നും, ഇതറിഞ്ഞ സോന ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് നിയമനടപടികൾക്കിടയിൽ ഇരുവരും വിവാഹിതരായതാണെന്നും ബന്ധുക്കൾ അവകാശപ്പെടുന്നു.
What's Your Reaction?



