മാങ്ങാനത്ത് നൊമ്പരമായി മാതൃദിനം; മരിച്ച അമ്മയ്ക്ക് മൂന്നുദിവസം കാവലിരുന്ന് മകൻ

May 11, 2026 - 14:16
May 11, 2026 - 14:17
 0
മാങ്ങാനത്ത് നൊമ്പരമായി മാതൃദിനം; മരിച്ച അമ്മയ്ക്ക് മൂന്നുദിവസം കാവലിരുന്ന് മകൻ

കോട്ടയം മാങ്ങാനത്ത് മാതൃദിനത്തിൽ നാടിനെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ സംഭവം പുറത്തുവന്നു. മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) എന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നുദിവസത്തിലധികം പഴക്കമുള്ള മൃതദേഹത്തിന് കാവലിരുന്ന മകൻ പ്രവീൺകുമാറിനെ (56) പോലീസ് ആശുപത്രിയിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ, അമ്മ മരിച്ച വിവരം പുറത്തറിയിക്കാതെ വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ വീടിന് ചുറ്റും ദുർഗന്ധവും ഈച്ചശല്യവും രൂക്ഷമായതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഈ ദാരുണമായ വിവരം ലോകമറിഞ്ഞത്.

അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന വീടിന്റെ വാതിൽ തുറക്കാൻ വാർഡ് മെമ്പറും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും അമ്മയ്ക്ക് സുഖമില്ലാതെ കിടക്കുകയാണെന്ന മറുപടിയാണ് പ്രവീൺ നൽകിയത്. ഒടുവിൽ പോലീസ് പിൻവാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ കട്ടിലിൽ അഴുകിത്തുടങ്ങിയ നിലയിൽ ഭാനുമതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സർവേ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച ഭാനുമതിയും മകനും മാത്രമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന ഇവരുടെ ഏക വരുമാനം ഭാനുമതിയുടെ പെൻഷനായിരുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും മൃതദേഹ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow