തകർത്ത ടാക്സി നന്നാക്കാൻ ഇ.ഡിയുടെ സഹായം; ഡ്രൈവർക്ക് 1.75 ലക്ഷം രൂപ നൽകി

Jul 24, 2026 - 22:04
Jul 24, 2026 - 22:04
 0
തകർത്ത ടാക്സി നന്നാക്കാൻ ഇ.ഡിയുടെ സഹായം; ഡ്രൈവർക്ക് 1.75 ലക്ഷം രൂപ നൽകി

കൊച്ചി ∙ പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ തകർന്ന ടാക്സി കാർ നന്നാക്കാൻ ഡ്രൈവർക്ക് സാമ്പത്തിക സഹായം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശ്രീകാര്യം സ്വദേശി ശ്യാംരാജിന് 1.75 ലക്ഷം രൂപയാണ് ഇ.ഡി നൽകിയത്.

ആക്രമണത്തിൽ തകർന്ന മറ്റ് രണ്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇൻഷുറൻസ് തുകയ്ക്ക് പുറമെ ആവശ്യമായ സാമ്പത്തിക സഹായവും നൽകിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച ബാങ്ക് മുഖേനയാണ് തുക കൈമാറിയത്.

വീണ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ശ്യാംരാജിന്റെ ടാക്സിയുടെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനാൽ ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതോടെ വാഹനം അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ ഉപജീവനത്തിനായി പെയിന്റിങ് ജോലിക്കുപോവേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശ്യാംരാജിന്റെ വാഹനം ഉൾപ്പെടെ മൂന്ന് ടാക്സികളിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. മടങ്ങുന്നതിനിടെയാണ് പ്രതിഷേധിച്ച സിപിഎം പ്രവർത്തകർ വാഹനങ്ങൾ തകർത്തത്.

വാഹനം നന്നാക്കാൻ സഹായം നൽകാമെന്ന വാഗ്ദാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും സഹായം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി നേരിട്ട് സാമ്പത്തിക സഹായം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow