നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎയിൽ 47 പേരെ പിരിച്ചുവിട്ടു
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസിക്കെതിരെ (എൻടിഎ) കേന്ദ്രസർക്കാർ കടുത്ത നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശം നൽകി.
എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ പരിഷ്കരിക്കാനും പരീക്ഷാ നടത്തിപ്പിൽ കൂടുതൽ കർശന സംവിധാനങ്ങൾ ഏർപ്പെടുത്താനും വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് എൻടിഎയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ നടപടി.
പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ നടപടിക്ക് വിധേയരായ 47 ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും കേന്ദ്രമന്ത്രിമാരും തമ്മിൽ നടന്ന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. ഭരണഘടനാ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
What's Your Reaction?



