ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്; യുഎസ് താവളങ്ങളിൽ നിന്ന് 500 മീറ്റർ അകലം പാലിക്കാൻ നിർദേശം
ടെഹ്‌റാൻ ∙ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെ ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്ന് ഇറാൻ വിപ്ലവ ഗാർഡ് നിർദേശിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളിലും ആശങ്ക ഉയർന്നിരിക്കുകയാണ്.
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, ഇറാനെതിരെ പുതിയ സൈനിക നടപടി പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 'ഓപ്പറേഷൻ എപിക് ഫ്യൂറി'യെക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കരാറിലെത്താൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
What's Your Reaction?



