എഎംഎംഎ ഭരണസമിതിയിൽ വീണ്ടും രാജി; എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് പടിയിറങ്ങി
കൊച്ചി ∙ എഎംഎംഎ ഭരണസമിതിയിൽ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിക്കത്ത് നൽകി. ജനറൽ ബോഡി കൈക്കൊണ്ട തീരുമാനത്തിനെതിരെ നിൽക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് ആശ വ്യക്തമാക്കി.
സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും സഞ്ജീവനി ഉൾപ്പെടെയുള്ള പദ്ധതികളിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്നും രാജിക്കത്തിൽ അവർ പറഞ്ഞു. നേരത്തെ അഡ്ഹോക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചിരുന്നു.
അതേസമയം, എഎംഎംഎ സംഘടനാ പ്രസിഡന്റായ ശ്വേതാ മേനോനെതിരെ സംഘടനയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് വേണോ, ശ്വേതാ മേനോൻ തുടരണമോ എന്ന ചോദ്യവുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ പോൾ നടത്തിയിരുന്നു.
എഎംഎംഎ 'പെൺമക്കൾ' വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അഭിപ്രായ ശേഖരണം. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. 32 പേർ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, നിലവിലെ സമിതി തുടരണമെന്ന് ഒരാളും പിന്തുണച്ചില്ല.
ശ്വേതാ മേനോനെ നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.
What's Your Reaction?



