സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി: പാലക്കാട് വീണ്ടും എച്ച്1എൻ1 മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം
പാലക്കാട്: സംസ്ഥാനത്ത് ആശങ്കയുണർത്തി പകർച്ചവ്യാധി വ്യാപനം തുടരുന്നു. പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1എൻ1 (H1N1) മരണം സ്ഥിരീകരിച്ചു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. സമീപകാലത്തുണ്ടായ പകർച്ചവ്യാധി വ്യാപനത്തിന് ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്1എൻ1 മരണമാണിത്. ഈ മാസം മാത്രം പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് നാല് പേർ മരണപ്പെട്ടിരുന്നു.
ഇതിനുപുറമേ സംസ്ഥാനത്തുടനീളം പകർച്ചവ്യാധി കേസുകൾ കുത്തനെ ഉയരുകയാണ്. ഇന്ന് മാത്രം 70 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് നിരവധി ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഈ മാസം ഇതുവരെ 1,630 പകർച്ചവ്യാധി കേസുകളും ആറ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം 13,533 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. രോഗവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതാ നിർദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.
What's Your Reaction?

