ജനവാസ മേഖലകളെ പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സിപിഐഎം; കേന്ദ്ര നീക്കം മലയോര ജനതയോടുള്ള വെല്ലുവിളിയെന്ന് വിമർശനം

Jun 25, 2026 - 00:15
Jun 25, 2026 - 00:17
 0
ജനവാസ മേഖലകളെ പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സിപിഐഎം; കേന്ദ്ര നീക്കം മലയോര ജനതയോടുള്ള വെല്ലുവിളിയെന്ന് വിമർശനം

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂർണമായും 92 വില്ലേജുകളെ ഭാഗികമായും ഈ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ന്യായമായ ആവശ്യം കേന്ദ്രം തള്ളിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് കടുപ്പിച്ചത്. മലയോര ജനതയുടെ ആശങ്കകൾ ഉൾക്കൊണ്ട് ജനവാസകേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവയെ ഒഴിവാക്കി വനമേഖലയെ മാത്രം പരിസ്ഥിതി ലോല പരിധിയിൽ നിർത്തണമെന്നായിരുന്നു സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്താൻ പോലും തയ്യാറാകാതെയാണ് കേന്ദ്രം അന്തിമ വിജ്ഞാപനവുമായി മുന്നോട്ട് പോകുന്നത്.

വനസംരക്ഷണവും പരിസ്ഥിതി പരിപാലനവും ഉറപ്പാക്കുമ്പോൾ തന്നെ, ജനങ്ങളുടെ ഭൂമിയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ ഈ ബദൽ നിർദേശങ്ങളെ പാടേ തള്ളിക്കളയുന്നതാണ് കേന്ദ്രത്തിന്റെ നിലവിലെ സമീപനമെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കപ്പെട്ടാൽ നിലവിലുള്ള നിരവധി വീടുകൾ, ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും. മാത്രമല്ല, പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിരോധനവും ഏർപ്പെടുത്തേണ്ടി വരും. തലമുറകളായി മലയോര മേഖലകളിൽ കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതോപാധി തന്നെ തകർക്കുന്ന ഈ നീക്കത്തിനെതിരെ ജനവികാരം ഒന്നിച്ച് അണിനിരത്താനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow