ശബരിമല ദര്‍ശനം: ജനുവരി 10 വരെ വെർച്വൽ ക്യൂ ഫുൾ
മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും
സന്നിധാനം: 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് (ഡിസംബർ 27, ശനിയാഴ്ച) സമാപനമാകും. പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ 10:10-നും 11:30-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ മണ്ഡലപൂജ നടക്കും. മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക്. ഇത്തവണ മണ്ഡലകാലത്ത് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. ഈ വർഷം 30.01 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്.
കഴിഞ്ഞ വർഷം 32.49 ലക്ഷം പേർ സന്ദര്‍ശിച്ചു.
വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങ്ങിലും ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഈ കുറവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. സ്പോട്ട് ബുക്കിങ് 5000-ൽ നിന്ന് 2000 ആക്കി കുറച്ചിരുന്നു.
നവംബർ 19-ന് (1,02,299 പേർ) കൂടിയ തിരക്കും ഡിസംബർ 12-ന് (49,738 പേർ) കുറഞ്ഞ തിരക്കും രേഖപ്പെടുത്തി.
മണ്ഡലപൂജ ദിവസമായ ഇന്ന് 35,000 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. ജനുവരി 10 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
What's Your Reaction?