പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. തുടർന്ന് പോലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെയാണ് പ്രമാടത്തെ സ്റ്റേഡിയത്തിൽ ഹെലിപാഡ് ഒരുക്കി കോൺക്രീറ്റ് ഇട്ടത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമെന്നാണ് വിവരം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇന്ന് രാവിലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്താനായി പുറപ്പെട്ടത്. രാജ്ഭവനിൽ നിന്ന് രാവിലെ 7.30 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിയത്. അവിടെ നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് എത്തി. രാഷ്‌ട്രപതി സുരക്ഷിതമായി ലാൻഡ് ചെയ്ത് പമ്പയിലേക്ക് റോഡ് മാർഗം യാത്ര ആരംഭിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിന്‍റെ ടയർ കോൺക്രീറ്റിൽ താഴ്ന്നത്.