മൂന്നാർ ടാക്സി വിവാദം: ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്
                                തൊടുപുഴ: മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ അധ്യാപികക്ക് പ്രാദേശിക ടാക്സി ഡ്രൈവർമാർ, പോലീസ് എന്നിവരിൽനിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ കർശന നടപടി. സംഭവസ്ഥലത്ത് ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായി നിലപാടെടുത്ത ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ ഇരുവരും പരാതിക്കാരിയായ യുവതിയെ സഹായിക്കാതെ, ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ടാക്സി ഡ്രൈവർമാരായ പി. വിജയകുമാർ (40, ലാക്കാട് ഫാക്ടറി ഡിവിഷൻ), കെ. വിനായകൻ (തെന്മല്ല എസ്റ്റേറ്റ്), എ. അനീഷ് കുമാർ (40, മൂന്നാർ ജ്യോതി ഭവൻ) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുംബൈയിൽ അധ്യാപികയായ ജാൻവി എന്ന യുവതിക്കാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നാർ സന്ദർശന വേളയിൽ ദുരനുഭവം നേരിട്ടത്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ, മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണ് എന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് പ്രാദേശിക ഡ്രൈവർമാർ തടഞ്ഞത്.
ഇതേത്തുടർന്ന് യുവതി പോലീസിൻ്റെ സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. സുരക്ഷിതമല്ലാത്തതിനെ തുടർന്ന് യാത്ര അവസാനിപ്പിച്ച് മടങ്ങിയ യുവതി, 'ഇനി കേരളത്തിലേക്ക് വരില്ല' എന്ന് വീഡിയോ സന്ദേശത്തിൽ പറയുകയും ചെയ്തു.                        
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

