പോർട്ട് സുഡാൻ: ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് തട്ടിക്കൊണ്ടുപോയത്.
എൽ ഫാഷർ നഗരം കീഴടക്കിയ സേന ഇവിടെ നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്യുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് ആദർശ് ബെഹെറയെയും ഇവർ തട്ടികൊണ്ടുപോയത്.
ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. ആദർശിന്‍റെ മോചനത്തിനായി സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദല്ല അലി എല്‍തോം പറഞ്ഞു.
ഇതിനിടെ, ആദർശ് ബെഹ്റ ആർ.എസ്.എഫ് സൈനികരോടൊപ്പം ഇരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അവരിലൊരാൾ ബെഹ്റയോട് “നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയുമോ?” എന്ന് വീഡിയോയിൽ ചോദിക്കുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പിന്നിൽ നിൽക്കുന്ന സൈനികൻ വിമത നേതാവിനെ വിഡിയോയിൽ നോക്കി പുകഴ്ത്തുന്നതും കാണാം.
ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്. ബെഹ്റ 2022 മുതൽ സുഡാനിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് കുടുംബം അറിയിച്ചു.