ക്വാളിറ്റി കൗൺസിലിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല: അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം

അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണ്

Jan 28, 2026 - 17:16
Jan 28, 2026 - 17:16
 0
ക്വാളിറ്റി കൗൺസിലിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല: അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം
തിരുവനന്തപുരം: ചികിത്സാനുമതി നൽകുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യക്ക് (ക്യു.സി.ഐ) നിയമപരമായ അധികാരമില്ലെന്ന് ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര കൗൺസിലായ നാഷണൽ കമ്മീഷൻ ഒഫ് ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ (NCISM) അറിയിച്ചതായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിൽ.
 
ക്യുസിഐ നടപ്പിലാക്കുന്ന വേളന്ററി സർട്ടിഫിക്കേഷൻ സ്കീം ഫോർ ട്രഡീഷണൽ കമ്മ്യൂണിറ്റി ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (വിസിഎസ്ടിസിഎച്ച്പി) പദ്ധതിയുടെ ഭാഗമായി പാരമ്പര്യ വൈദ്യന്മാർക്കും മറ്റും നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കേരളത്തിൽ വ്യാപകമായി ചികിത്സ നടത്തുന്നത് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ്  അറിയിപ്പ്.
 
കേരളത്തിൽ ചികിത്സ നടത്തുന്നതിന് അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണെന്ന് കേരള മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021 വ്യക്തമാക്കുന്നു.
 
ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്ട്, 1970, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻസിഐഎസ്എം) ആക്ട്, 2020 അംഗീകൃത യോഗ്യതയുള്ളവർക്ക് മാത്രമേ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളൂ എന്ന് എൻസിഐഎസ്എം അറിയിച്ചിട്ടുണ്ട്.
 
2018 ലെ സുപ്രീം കോടതി വിധി പ്രകാരം അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണെന്നും, അവർക്കെതിരെ സർക്കാർ നടപടി  സ്വീകരിക്കണമെന്നും വ്യക്തമായി നിർദേശിച്ചിട്ടുണ്ട്.
 
കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021 ലെ വകുപ്പ് 37 പ്രകാരം യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാതെ ചികിത്സ നടത്തിയാൽ 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയോ, 1 മുതൽ 4 വർഷം വരെ തടവോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
 
അതിനാൽ, അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഇല്ലാതെ ചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൗൺസിൽ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow