തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ എഡ്യൂടെയിൻമെന്റ് സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ 'ജികോംപ്രിസിന്റെ' കോ-മെയിന്റനറും കൃത സോഫ്റ്റ്‌വെയറിന്റെ പ്രധാന ഡെവലപ്പറിൽ ഒരാളുമായ ഫ്രഞ്ച് ഗ്രാഫിക്‌സ് ആർട്ടിസ്റ്റ് ടിമോത്തെ ജിയറ്റ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സന്ദർശിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് തയ്യാറാക്കിയ 'കളിപ്പെട്ടി' ഐസിടി പാഠപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറാണ് ജികോംപ്രിസ്. 
 
ഇതിന് സമാനമായ രൂപത്തിൽ ഫ്രാൻസിലും ഇറ്റലിയിലും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ റെപ്പോസിറ്ററികൾ പരിചയപ്പെടുത്തിയ ടിമോത്തെ ജിയറ്റ് നിലവിൽ കേരളത്തിലെ സ്‌കൂളുകളിൽ നടക്കുന്ന സവിശേഷമായ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം ആഗോള മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷകളിൽ സംസ്‌കൃതത്തിന് പുറമെ മലയാളത്തിൽ മാത്രമാണ് വിപുലമായ ജികോംപ്രിസ് റെപ്പോസിറ്റിറി നിലവിൽ ലഭ്യമായിട്ടുള്ളത്. കൈറ്റ് കസ്റ്റമൈസ് ചെയ്ത തമിഴ്, കന്നഡ ലോക്കലൈസൈഷൻ പാക്കേജുകൾ ജികോംപ്രിസിൽ അപ്സ്ട്രീം ചെയ്യാനായി ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
 
ഇരുന്നൂറോളം ഗെയിമുകൾ അടങ്ങിയ ജികോംപ്രിസ് സോഫ്റ്റ്‌വെയർ 2 മുതൽ 10 വരെ വയസ് പ്രായമുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, ശാസ്ത്രം, ഭുമിശാസ്ത്രം, വായന തുടങ്ങിയ വിവിധ ശേഷികൾ കളികളിലൂടെ നേടാൻ പര്യാപ്തമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസിൽ ലഭ്യമായതിനാൽ ഇവ യഥേഷ്ഠം കേരളത്തിന്റെ പാഠ്യപദ്ധതിക്കനുസൃതമായി കസ്റ്റമൈസ് ചെയ്താണ് കൈറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിലും ഐസിടി പാഠപുസ്തകങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.
 
ഫ്രാൻസിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൺസൾട്ടന്റും എംബഡഡ് സിസ്റ്റം എഞ്ചീനിയറുമായ കണ്ണൂർ സ്വദേശി ഐശ്വര്യയാണ് ടിമോത്തെയുടെ ജീവിത പങ്കാളി. ഐടി@സ്‌കൂൾ പദ്ധതി വഴി ആർജിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുഭവം മികച്ച കരിയറിന് വഴികാട്ടിയായെന്ന് ഐശ്വര്യ പറഞ്ഞു.
 
ജി-കോംപ്രസിന്റെ ക്ലയന്റ്-സർവർ മാതൃകയിൽ ഇന്റർനെറ്റാവശ്യമില്ലാതെ പ്രവർത്തിക്കുന്ന പുതിയ പതിപ്പിന്റെ സാധ്യതകൾ ഭിന്നശേഷി  കുട്ടികൾക്ക് പ്രയോഗിക്കുന്നതിനായി കസ്റ്റമൈസ് ചെയ്യാൻ കൈറ്റ് മുൻകയ്യെടുക്കും എന്ന തീരുമാനമെടുത്തുകൊണ്ടാണ് ടിമോത്തെയുടെ സന്ദർശനം പൂർത്തിയാക്കിയത്.