ഹിജാബ് വിവാദം: വിദ്യാർഥിനിയെ പുതിയ സ്കൂളിൽ ചേർത്തു
പള്ളുരുത്തിയിലെ ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടിയെ എട്ടാം ക്ലാസ്സിൽ ചേർത്തത്
കൊച്ചിയിലെ സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. പള്ളുരുത്തിയിലെ ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടിയെ എട്ടാം ക്ലാസ്സിൽ ചേർത്തത്.
"തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തി," എന്നാണ് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി പഴയ സ്കൂളിൽനിന്ന് മാറാൻ തീരുമാനിച്ചത്.
ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന ഹർജി കോടതി തീർപ്പാക്കി. പഴയ സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. തുടർനടപടികൾ അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.
ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാടെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിൻ്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിൻ്റെ അഭിഭാഷകൻ വാദിച്ചു.
എല്ലാ കക്ഷികളും തുടർനടപടിയില്ലെന്ന് വ്യക്തമാക്കിയതോടെ, വിഷയം രമ്യമായി പരിഹരിക്കാൻ നിർദേശിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സ്കൂളിൻ്റെ നടപടിയിൽ പിഴവ് കണ്ടെത്തി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെൻ്റ് റീത്താസ് സ്കൂൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനുപിന്നാലെ വിദ്യാർഥിക്കുവേണ്ടി അച്ഛനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
What's Your Reaction?

