സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി റസൂൽ പൂക്കുട്ടി, പുതിയ വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരന്‍
സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം
                                തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ഓസ്കാർ അവാർഡ് ജേതാവും പ്രമുഖ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്സൺ.
സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടർന്നായിരുന്നു രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. തുടർന്ന് വൈസ് ചെയർമാനായിരുന്ന പ്രേം കുമാറിന് താൽക്കാലിക ചുമതല നൽകിയിരുന്നു.
പുതിയ സമിതി: നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ സമിതിയെ സർക്കാർ നിയമിച്ചത്.
ഭരണസമിതി അംഗങ്ങൾ: റസൂൽ പൂക്കുട്ടി, കുക്കു പരമേശ്വരൻ എന്നിവരെ കൂടാതെ, അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവർ ഉൾപ്പെടെ 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിൽ ഉള്ളത്.
പുതിയ ചെയർമാനും ഭരണസമിതിക്കും മുന്നിൽ തിരക്കേറിയ മാസങ്ങളാണ് ഉള്ളത്. 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതിനാലും ജൂറി ചെയർമാൻ പ്രകാശ് രാജിന് ബെംഗളൂരുവിലേക്ക് പോകേണ്ടതിനാലും വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.
ഡിസംബറിൽ നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെ. (IFFK) മേളയുടെ ഒരുക്കങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. 2024-ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

