പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം നഷ്ടപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെങ്കില്‍ നടപടി ഉറപ്പെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യും.
വിഷയത്തില്‍ തുടക്കമുതല്‍ കൃത്യമായ അന്വേഷണം നടക്കണം എന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തെ പൂര്‍ണ വിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ, ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാം പങ്കുണ്ട് എന്നത് സംബന്ധിച്ചെല്ലാം ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ അറിയൂ. വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
സ്‌ട്രോങ്ങ് റൂമിലുള്ള ആഭരണങ്ങളുടെ കൃത്യമായ പട്ടികയും വിവരങ്ങളും ദേവസ്വം ബോര്‍ഡിന്റെ കൈയ്യില്‍ ഉണ്ട്. ദേവസ്വം ബോര്‍ഡ് സര്‍ക്കാരും ആവശ്യപ്പെട്ടതനുസരിച്ചാണ് എസ് ഐ ടിയെ കോടതി നിയോഗിച്ചത്. സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യും. ഇന്നത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല തീർത്ഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചരുൾ അഴിയുമെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല മകരവിളക്ക് മഹോത്സവത്തെ വിവാദങ്ങള്‍ ബാധിക്കുമോ എന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.