"ജോലി തൻ്റെ ചോറാണ്", ലോട്ടറി അടിച്ചിട്ടും പതിവുപോലെ ജോലിക്കെത്തി ശരത്

കിട്ടിയ പണം എന്തുചെയ്യണമെന്നതിനെക്കുറിച്ച് പ്ലാൻ ചെയ്തു വരുന്നതേയുള്ളൂവെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.

Oct 7, 2025 - 11:05
Oct 7, 2025 - 11:06
 0
"ജോലി തൻ്റെ ചോറാണ്", ലോട്ടറി അടിച്ചിട്ടും പതിവുപോലെ ജോലിക്കെത്തി ശരത്

ആലപ്പുഴ: ലോട്ടറിയടിച്ചാൽ ഉടൻ ജോലി രാജിവെച്ച് സുഖിക്കാമെന്ന് സ്വപ്നം കാണുന്നവർക്കിടയിൽ വേറിട്ട കാഴ്ചയായിരിക്കുകയാണ് 25 കോടിയുടെ തിരുവോണം ബംപർ അടിച്ച ശരത് എസ്. നായർ. കോടികളുടെ ഉടമയായിട്ടും യാതൊരു അമിതാവേശവുമില്ലാതെ, പതിവുപോലെ നെട്ടൂരിലെ പെയിൻ്റ് കടയിലെ ജോലിക്ക് എത്തി ശരത് സഹപ്രവർത്തകരെയും ഞെട്ടിച്ചു.

"ജോലി തൻ്റെ ചോറാണ്" എന്ന് ഓർമ്മിപ്പിച്ച ശരത്, കോടികളിൽ മതിമറന്ന് സ്വപ്ന ലോകത്ത് കഴിയാൻ ഒരുക്കമല്ലെന്ന് തൻ്റെ ലാളിത്യത്തിലൂടെ തെളിയിച്ചു. കിട്ടിയ പണം എന്തുചെയ്യണമെന്നതിനെക്കുറിച്ച് പ്ലാൻ ചെയ്തു വരുന്നതേയുള്ളൂവെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.

"നോക്കിയിട്ട് ചെയ്യും. ഇതുവരെ ആരും വിളിച്ച് ശല്യം ഒന്നും ചെയ്തിട്ടില്ല. ലോട്ടറി വിജയിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നപ്പോഴും അടിച്ച ലോട്ടറി കൈയിലുള്ളതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോട്ടറി അടിച്ച കാര്യം പുറത്ത് പറഞ്ഞാലും ഇല്ലെങ്കിലും നാളെ എല്ലാവരും ഇതെല്ലാം അറിയും. പ്രത്യേകിച്ച് പറയാതിരുന്നിട്ട് എന്താണ് കാര്യമുള്ളത്?" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐശ്വര്യം കുഞ്ഞാണ്: ആറുമാസം പ്രായമുള്ള ശരത്തിൻ്റെ മകൻ ആഗ്നേയ് കൃഷ്ണൻ്റെ ഐശ്വര്യമാണ് ലോട്ടറി അടിച്ചതിന് പിന്നിലെന്നാണ് കുടുംബം വിശ്വസിക്കുന്നത്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗ്നേയ് കൃഷ്ണൻ ജനിച്ചത്.

തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ നെടുംചിറയിലാണ് ശരത് എസ്.നായരുടെ വീട്. ചേർത്തല കളവംകോടം സ്വദേശിനിയായ അപർണയാണ് ഭാര്യ. ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന അപർണ കുഞ്ഞിന് വേണ്ടി ജോലി നിർത്തിയിരുന്നു.

ബാധ്യതകൾ തീർക്കണം: അമ്മ രാധാമണി, സഹോദരൻ രഞ്ജിത്ത് എന്നിവരാണ് ശരത്തിന് വീട്ടിലുള്ളത്. പക്ഷാഘാതം ബാധിച്ച അച്ഛൻ ശശിധരന് ചികിത്സയും മൂന്ന് വർഷം മുൻപ് നിർമിച്ച വീടിൻ്റെ ബാധ്യതകളും തീർക്കണമെന്നാണ് ശരത്തിൻ്റെ മനസ്സിലുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow