ലേഡി വിത്ത് ദ വിങ്സ് — ശക്തമായ സ്ത്രീപക്ഷ സന്ദേശവുമായി സോഫി ടൈറ്റസ്

ഈ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, കഥ, തിരക്കഥ, ഗാനരചന, എന്നിവയെല്ലാം സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്

Nov 1, 2025 - 18:27
 0
ലേഡി വിത്ത് ദ വിങ്സ് — ശക്തമായ സ്ത്രീപക്ഷ സന്ദേശവുമായി സോഫി ടൈറ്റസ്

തിരുവനന്തപുരം: തികഞ്ഞ സ്ത്രീപക്ഷ സിനിമയുമായി മലയാള സിനിമാരംഗത്തേക്ക് എത്തുകയാണ് സ്ത്രീ സംവിധായിക സോഫി ടൈറ്റസ്. ലേഡി വിത്ത് ദ വിങ്സ് എന്ന ഈ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, കഥ, തിരക്കഥ, ഗാനരചന, എന്നിവയെല്ലാം സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിന്ദുവിനെയും അവർ തന്നെ അവതരിപ്പിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി സന്തോഷ് കീഴാറ്റൂർ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തി. നവംബർ മാസത്തിൽ സിനിമ തീയേറ്ററുകളിൽ എത്തും.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായിരുന്ന ബിന്ദുവിൻ്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണ തൊഴിലാളിയായി തുടങ്ങിയ ബിന്ദു, വിദ്യാഭ്യാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ സമൂഹമാറ്റത്തിന് വഴിതെളിക്കുന്ന ഒരു ജീവകാരുണ്യപ്രവർത്തകയായി മാറുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്ന ഈ കഥാപാത്രം, സ്ത്രീയുടെ വിവിധ മുഖങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നു.

തൊഴിലിടങ്ങളിൽ, വിദ്യാലയങ്ങളിൽ, വീടുകളിലടക്കം പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ നിലവിളിയും, സമൂഹം സ്ത്രീകൾക്ക് കൽപ്പിച്ചുവെച്ച അതിരുകളും, അവർ തന്നെ സൃഷ്ടിച്ചിരിക്കുന്ന ഭയങ്ങളുടെയും തടവറകളും, ബിന്ദുവിന്റെ ജീവിതത്തിലൂടെ ചിത്രം ചോദ്യം ചെയ്യുന്നു.

വിദ്യാഭ്യാസം സ്ത്രീയെ ആത്മവികാസത്തിനും സ്വാതന്ത്ര്യത്തിനും എത്തിക്കുന്ന ശക്തിയാണ് എന്ന് ബിന്ദുവിന്റെ ജീവിതം തെളിയിക്കുന്നു. തൊഴിൽ ഉറപ്പ് പദ്ധതി സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നുവെങ്കിലും, ഭാവിയിൽ വരുമാന മാർഗങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബോധവൽക്കരണവും ബിന്ദുവിലൂടെ ചിത്രം മുന്നോട്ടു വെക്കുന്നു.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സ്ത്രീ തൊഴിലാളികൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ച തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിപ്ലവാത്മകമായ മാറ്റങ്ങൾ സിനിമയുടെ കഥയിൽ പ്രതിഫലിക്കുന്നു. ഒടുവിൽ, സ്വയം തിരിച്ചറിഞ്ഞ് ജീവിത സാഫല്യത്തിലെത്തുന്ന ഒരു സ്ത്രീയുടെ കഥയായ "ലേഡി വിത്ത് ദ വിങ്സ്",  ഏറെ പ്രതീക്ഷ ഉളവാക്കുന്ന ഒരു ചിത്രമാവുമെന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം.

സാങ്കേതിക സംഘത്തിൽ

ഡി.ഒ.പി – പ്രമോദ് കുമാർ, ജയിംസ് ക്രിസ്.
എഡിറ്റർ – ഷാജോ എസ്. ബാബു.
സംഗീതം – അശ്വിൻ ജോൺസൻ, ഹരി മുരളി ഉണ്ണികൃഷ്ണൻ, ബിബിൻ അശോക്.
ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് – അശ്വിൻ ജോൺസൻ.
കോസ്റ്റ്യൂം – സോഫി ടൈറ്റസ്.
മേക്കപ്പ് – ശരത്.
പി.ആർ.ഒ – അയ്മനം സാജൻ.

അഭിനേതാക്കൾ

സോഫി ടൈറ്റസ്, സന്തോഷ് കീഴാറ്റൂർ, ജേക്കബ്, രാജേഷ് ഹെബ്ബാർ, രാഹുൽ ബഷീർ, സാജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി, ഒരു പുതിയ സ്ത്രീ ദൃഷ്ടികോണവുമായി സോഫി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന "ലേഡി വിത്ത് ദ വിങ്സ്"* നവംബർ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow