ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്‌സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Nov 1, 2025 - 18:28
Nov 1, 2025 - 18:29
 0
ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
 
ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള അർബുദം. അർബുദ അനുബന്ധ മരണ നിരക്കുകൾ ഉയർത്തുന്നതിന് ഈ അർബുദം ഒരു പ്രധാന കാരണമാണ്. വരും തലമുറയെ ഈ രോഗത്തിൽ നിന്നും രക്ഷിക്കുന്നതിന് എച്ച്.പി.വി വാക്‌സിൻ എല്ലാ പെൺകുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നിൽ കണ്ട് കേരള സർക്കാർ ഈ വിഷയത്തിൽ വളരെ ക്രിയാത്മകമായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്നിക്കൽ കമ്മിറ്റിയുടേയും യോഗം ചേർന്നാണ് വാക്സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.
 
കേരളാ കാൻസർ കെയർ ബോർഡ് കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിൽ എച്ച്.പി.വി. വാക്സിൻ നല്കാൻ ശുപാർശ ചെയ്തു. എച്ച്.പിവി വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനുമായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമതിയുടെ നിർദേശ പ്രകാരം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുവാനും, പൈലറ്റ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.
 
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്.പി.വി. വാക്സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്വമേധയാ വാക്സിനേഷൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ഉദ്ദേശം. എച്ച്.പി.വി. വാക്സിനേഷൻ പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണവുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow