ബ്രിട്ടനിൽ ട്രെയിനിൽ കത്തി ആക്രമണം: 12 പേർക്ക് പരിക്ക്, ഒന്‍പത് പേരുടെ നില ഗുരുതരം; രണ്ടുപേർ അറസ്റ്റിൽ
പ്രാദേശിക സമയം വൈകുന്നേരം 6.25-നാണ് ആക്രമണം നടന്നത്
                                ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷറിൽ ഒരു ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ കത്തി ആക്രമണത്തിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം 6.25-നാണ് ആക്രമണം നടന്നത്.
വടക്കുകിഴക്കൻ ഭാഗത്തുള്ള ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്‌സ് ക്രോസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. ഇത് വളരെ തിരക്കേറിയ റൂട്ടാണ്. ഒരു സംഘം അക്രമികൾ പ്രകോപനമൊന്നുമില്ലാതെ യാത്രക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശത്തെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഞെട്ടൽ രേഖപ്പെടുത്തി. "നടുക്കുന്ന സംഭവം" എന്ന് അദ്ദേഹം പ്രതികരിച്ചു. പ്രദേശത്തുള്ള എല്ലാവരും പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആക്രമണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് ഭീകരാക്രമണം ആണോ എന്ന കാര്യത്തിലും ഇപ്പോൾ സ്ഥിരീകരണമില്ല. പരിക്കേറ്റവർ ഏത് രാജ്യക്കാരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങളും ലഭ്യമല്ല.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

