ലണ്ടൻ: ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ച് സഹോദരന്‍ ചാള്‍സ് രാജാവ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് നടപടി. 
 
പ്രിൻസ് ആൻഡ്രൂ ഇനി മുതൽ ആൻഡ്രൂ മൌണ്ട് ബാറ്റൺ വിന്റ്സോർ എന്നറിയപ്പെടും. വിൻഡ്സർ എസ്റ്റേറ്റിലെ വസതി വിട്ട് അദ്ദേഹത്തിന് ഇനി സ്വകാര്യ വസതിയിലേക്ക് താമസം മാറേണ്ടിവരും. ബക്കിങ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങളെല്ലാം ആന്‍ഡ്രൂ നിഷേധിക്കുന്നുണ്ടെങ്കിലും അതിജീവിതര്‍ക്ക് ഒപ്പമാണ് എക്കാലവും കൊട്ടാരം നിലകൊള്ളുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
 
 ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.  രാജ കുടുംബത്തിന്‍റെ സല്‍പേരിന് കളങ്കമുണ്ടാകാതിരിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി രാജകീയ പദവികള്‍ എടുത്തുകളഞ്ഞശേഷം കൊട്ടാരത്തില്‍ നിന്നും പുറത്താക്കാനാണ് തീരുമാനം. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂന്നാമത്തെ മകനാണ് 65 കാരനായ ആൻഡ്രൂ രാജകുമാരൻ.