'കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്'; അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു

Nov 1, 2025 - 12:11
Nov 1, 2025 - 12:12
 0
'കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്'; അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ, കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9 മണിക്കാണ് പ്രത്യേക സമ്മേളനം ചേർന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം 'തട്ടിപ്പാണെ'ന്നാണ് പ്രതിപക്ഷം വിമർശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയും പ്രഖ്യാപനത്തെക്കുറിച്ച് എല്ലാ പത്രങ്ങളിലും പരസ്യം നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. തുടർന്ന് പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു എന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

"തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. സ്വന്തം ശീലം കൊണ്ട് പറയുന്നതാണ്," എന്ന് മുഖ്യമന്ത്രി പറഞ്ഞു. "പറഞ്ഞത് എന്തോ അത് നടപ്പാക്കും അതാണ് ഇടത് സർക്കാരിന്റെ ശീലം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഒരു പുതുയുഗ പിറവിയിലാണിതെന്നും സജീവ ജനപങ്കാളിത്തത്തോടെയാണ് ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി. 2025-26 വർഷത്തിൽ പദ്ധതിക്കായി 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്ന സ്ഥിതിയിൽ നിന്നാണ് കേരളം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്.

ആവശ്യമായ രേഖകൾ എല്ലാം ഗുണഭോക്താക്കൾക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നതിൽ, ലൈഫ് മിഷൻ മുഖേന വീട് നിർമ്മാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ഭൂമി നൽകുകയും ഭവന നിർമ്മാണത്തിനു നടപടികൾ സ്വീകരിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow