'എല്ലാ പ്രശ്‌നവും തീരും; സംസാരിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തില്ല'; സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവന്‍കുട്ടി
ഈ കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ. അനിലും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും ശിവൻകുട്ടി.
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് സി.പി.ഐ. (CPI) ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തി.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി, ചർച്ച ചെയ്ത കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകാതെ മൗനം പാലിച്ചു. ഈ കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ. അനിലും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും ശിവൻകുട്ടി വ്യക്തമാക്കി.
ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വത്തിന് മുന്നിൽ വിശദീകരിച്ചതായാണ് വിവരം. ധാരണാപത്രത്തിൽ ഒപ്പിട്ട കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് സി.പി.ഐ. മന്ത്രിമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഒക്ടോബർ 16-നാണ് ധാരണാപത്രം തയ്യാറാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. ഈ പദ്ധതിയെ ശക്തമായി എതിർത്തെങ്കിലും, ധാരണാപത്രം തയ്യാറാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി അവരെ അറിയിച്ചിരുന്നില്ല. ഇതോടെ, മുന്നണിയിൽ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, ഇത് എന്ത് സർക്കാരാണെന്നും സി.പി.ഐ. രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുനയ നീക്കവുമായി വിദ്യാഭ്യാസമന്ത്രി എം.എൻ. സ്മാരകത്തിൽ എത്തിയത്. ഇതൊരു സൗഹൃദ സംഭാഷണമായിരുന്നു എന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
What's Your Reaction?

