മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. ശ്രമിച്ചു, പലതവണ മകനെ ഫോണില്‍ വിളിച്ചു: ഇ.പി. ജയരാജന്‍ ആത്മകഥയില്‍
ഇ.പിയുടെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് പരാമര്‍ശം.
                                കണ്ണൂര്‍: മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ഇ.പിയുടെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് പരാമര്‍ശം. ബി.ജെ.പി. നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചു. എന്നാല്‍, അവന്‍ ഫോണെടുത്തില്ല. താന്‍ ബി.ജെ.പി. നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയില്‍ പറയുന്നു.
ഇ.പി. ജയരാജന്റെ ആത്മകഥയെന്ന പേരില്‍ 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതവും' എന്ന പുസ്തകം ഇറങ്ങുന്നു എന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുസ്തകത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു അവകാശവാദം.
പാലക്കാട്, ചേലക്കരനിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ദിവസമായിരുന്നു ഈ വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുഡിഎഫ് അനുഭാവിയായിരുന്ന പി സരിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസവും പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു. തുടര്‍ന്ന് പ്രസാധകര്‍ക്കെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചു. പ്രസാധകര്‍ മാപ്പുപറഞ്ഞതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആ പുസ്തകത്തിലൂടെ താന്‍ സര്‍ക്കാറിന് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പുസ്തകത്തിന്റെ തലക്കെട്ട് പോലും തന്നെ പരിഹസിക്കാന്‍ ഇട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. 'എന്റെ ആത്മകഥ ഞാനാണ് തയ്യാറാക്കേണ്ടത്. അത് പ്രസിദ്ധീകരിച്ചവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ആത്മകഥ സംബന്ധിച്ച വിവാദം നടക്കുമ്പോള്‍ പുസ്തകം എഴുതി പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. എനിക്ക് വിവാദങ്ങളുണ്ടാകുന്നതിന് മുന്നേ പി. സരിനെ അറിയുക പോലുമില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എഴുതി എന്നു പറഞ്ഞാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒടുവില്‍ ഞാന്‍ സര്‍ക്കാരിന് എതിരാണെന്ന് വരുത്തിത്തീര്‍ത്തു.
പുസ്തകത്തിന്റെ തലക്കെട്ടായ 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന തലക്കെട്ടും എന്നെ പരിഹസിക്കാന്‍ വേണ്ടി ഇട്ടതാണ്. അത് പണ്ടൊരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞ വാക്കുകളായിരുന്നു. ഒടുവില്‍ രവി ഡി സി മാപ്പ് പറഞ്ഞു. അതുകൊണ്ടാണ് പിന്നീട് നടപടികളിലേക്ക് പോകാതിരുന്നത്, ജയരാജന്‍ പറഞ്ഞു.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

