എംജിആറിന്‍റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശി സുപ്രീംകോടതിയില്‍
ജയലളിതയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇവർ കത്തും നൽകി

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആറിന്‍റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് യുവതി സുപ്രീംകോടതിയില്‍. തൃശൂർ കാട്ടൂർ സ്വദേശി കെ.എം.സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇവർ കത്തും നൽകി.
ഇത്രയുംനാൾ തനിക്ക് രഹസ്യമായി ജീവിക്കേണ്ട സാഹചര്യമായിരുന്നെന്ന് ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പറയുന്നു. താൻ ജനിച്ചതിനുശേഷം എംജിആറിന്റെ വീട്ടുജോലിക്കാരൻ രഹസ്യമായി കേരളത്തിലേക്കു മാറ്റി. സുനിതയെന്ന പേരു നൽകിയതും ജോലിക്കാരനാണ്. 18 വയസ് പൂർത്തിയായപ്പോൾ അമ്മ ജയലളിത ഡിഎൻഎ പരിശോധന നടത്തിയശേഷം മകളായി അംഗീകരിച്ചു. പോയസ് ഗാർഡനിലെ വസതിയിലെത്തി ഇടയ്ക്കിടെ അമ്മയെ കാണാറുണ്ടായിരുന്നു. താൻ മകളാണെന്ന് വെളിപ്പെടുത്തി 2016 സെപ്തംബർ 22ന് വാർത്താ സമ്മേളനം വിളിക്കാൻ പോകുകയാണെന്ന് അമ്മ പറഞ്ഞിരുന്നു.
അന്നു രാവിലെ എട്ടു മണിക്ക് പോയസ് ഗാർഡനിലെത്തിയ താൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. അമ്മയായ ജയലളിത ബോധരഹിതയായി കിടക്കുകയായിരുന്നു. തോഴിയായ ശശികല ജയലളിതയുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. ഒരു ജീവനക്കാരൻ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കി. കൊല്ലുമെന്ന ഭയത്താൽ താൻ കേരളത്തിലേക്കു മടങ്ങി. ഭയത്താലാണ് ഇത്രയും കാലം ഒന്നും തുറന്നു പറയാതിരുന്നത്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് പരാതി നൽകാൻ ശ്രമിക്കുന്നുണ്ടെന്നും സുനിത പറഞ്ഞു.
What's Your Reaction?






