കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ

കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്

Jul 5, 2025 - 22:09
Jul 5, 2025 - 22:09
 0  12
കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി ബേൺസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ബേൺസ് യൂണിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജുകളിലെ ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേൺസ് ഐസിയുവിലൂടെ നൽകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow