തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: നവംബർ 4, 5 തീയതികളില്‍ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം
അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം
                                മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.
അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് സൗജന്യമായി നൽകും.
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവുമാണ് ഈ അവസരം നൽകുന്നത്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7), പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും (ഫാറം 4 A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാം.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

