ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് തുറക്കില്ല

പോലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്

Oct 31, 2025 - 12:18
Oct 31, 2025 - 12:18
 0
ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് തുറക്കില്ല
കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. പോലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂവെന്നാണ് വിവരം. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ന് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനുളള അനുമതി കൊടുത്തത്.
 
എന്നാല്‍ പോലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. 
 
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നൽകിയത്.  പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
 
അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. ഇന്ന് വൈകുന്നേരത്തോടെ ഫാക്ടറിക്കെതിരായ സമരം പുനരാരംഭിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow