ട്രെയിനിൽ യുവതിയെ തള്ളിയിട്ട സംഭവം: പ്രതി കുറ്റം സമ്മതിച്ചു; 'ദേഷ്യത്തിൽ ചവിട്ടിയിട്ടു'
ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതിലുള്ള ദേഷ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടി പുറത്തേക്കിട്ടതെന്നാണ് സുരേഷ് പോലീസിനോട് വെളിപ്പെടുത്തിയത്
                                തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തിലെ പ്രതിയായ സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതിലുള്ള ദേഷ്യത്തിലാണ് പിന്നിൽ നിന്ന് ചവിട്ടി പുറത്തേക്കിട്ടതെന്നാണ് സുരേഷ് പോലീസിനോട് വെളിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി 8.45-ഓടെ വർക്കല അയന്തിക്ക് സമീപം വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റ്. പ്രതിയായ സുരേഷ് കുമാർ കോട്ടയത്തുനിന്നാണ് ട്രെയിനിൽ കയറിയത്. ഇയാൾ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നും മൊഴിയിൽ വ്യക്തമാക്കി.
പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സുരേഷ് കുമാർ മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്ന് പോലീസ് സൂചിപ്പിച്ചു. പരിക്കേറ്റ പെൺകുട്ടി സുഹൃത്ത് ശുചിമുറിയിൽ പോയ സമയത്ത് ട്രെയിൻ വാതിൽക്കലേക്ക് വന്നപ്പോൾ, അവിടെ നിന്നിരുന്ന പ്രതി ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനിൽ വെച്ച് പോലീസിന് കൈമാറിയത്. പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷ് കുമാറിനെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. പിടികൂടുന്ന സമയത്ത്, "ഇതൊക്കെ വെറും നമ്പറാണ്, തനിക്കറിയില്ല," "ഞാനല്ല, ഒരു ബംഗാളിയാണ് ആക്രമിച്ചത്, താൻ കണ്ടു നിന്നതേയുള്ളൂ," "മദ്യപിച്ചോ എന്ന ചോദ്യത്തിന് 'ഓ എവിടെ' എന്നുമായിരുന്നു" പ്രതിയുടെ മറുപടികൾ. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ തലയ്ക്കാണ് പ്രധാനമായും പരിക്കേറ്റിട്ടുള്ളത്.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

