സംസ്ഥാനത്ത് മഴക്കെടുതി; 66 ദുരിതാശ്വാസകാംപുകള്‍ തുറന്നു
മെയ് 29ന് മാത്രം 19 കാംപുകളാണ് തുടങ്ങിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴക്കെടുതികളും രൂക്ഷമാകുന്നു. മഴക്കെടുതികളില്‍ സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒന്‍പത് മരണങ്ങളും അഞ്ച് പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ 66 കാംപുകളിലായി 1894 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. മെയ് 29ന് മാത്രം 19 കാംപുകള്‍ തുടങ്ങുകയും 612 ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായയിടങ്ങളില്‍ കാംപുകള്‍ തുറക്കാനുള്ള നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാന്‍ പാകത്തിന് 4000-ത്തോളം കാംപുകള്‍ തുറക്കാന്‍ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകള്‍ പൂര്‍ണമായി തകരുകയും 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ ഒഴിവാക്കണം. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാന്‍ വിമുഖത കാട്ടരുത്. അഞ്ചു ദിവസം ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിഞ്ഞാല്‍ വലിയ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
What's Your Reaction?






