വന്ദേ ഭാരത് എക്സ്പ്രസില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു

May 30, 2025 - 20:20
May 30, 2025 - 20:21
 0  13
വന്ദേ ഭാരത് എക്സ്പ്രസില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വന്ദേ ഭാരത് (Vande Bharat Express) (20631) എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മംഗളുരു - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസില്‍ വ്യാഴാഴ്ച രാവിലെയാണ് കാലാവധി കഴിഞ്ഞ ശീതളപാനീയം യാത്രക്കാര്‍ക്ക് നല്‍കിയത്. സംഭവത്തില്‍ പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നല്‍കിയത്. പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവത്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കി യാത്ര ചെയ്യുന്നവരോടാണ് റെയില്‍വേ ഇത്തരത്തില്‍ പെരുമാറുന്നതെന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു. എന്നിട്ടും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ റെയില്‍വേ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow