പഹല്‍ഗാം ഭീകരാക്രമണം കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
പൊതുദർശനത്തിനുവെച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. എഐ 503 എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിൽനിന്ന് രാത്രി 7.30ഓടെ കൊച്ചിയിലെത്തിച്ചത്. പൊതുദർശനത്തിനുവെച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷിനു പുറമേ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദും ജെ.ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
രാമചന്ദ്രന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിനു ശേഷം വെള്ളിയാഴ്ചയായിരിക്കും രാമചന്ദ്രന്റെ മൃതദേഹം സംസ്കാരിക്കുക. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒന്‍പത് മണിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം ഉണ്ടാകും. സംസ്കാരം 11.30–ന് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും.
കുടുംബത്തോടൊപ്പം ചൊവാഴ്ച രാവിലെയാണ് രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ ആരതി, മകളുടെ ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്.
What's Your Reaction?






