അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വര്‍ണ കിരീടം നല്‍കുന്നു, ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്: ജോണ്‍ ബ്രിട്ടാസ്
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ലെന്നും ക്രൈസ്തവര്‍ക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രമാണെന്നും സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.സി.ഐക്ക് എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചു. പോലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചു. ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. രേഖകള്‍ മുഴുവന്‍ നല്‍കി. താണു കേണപേക്ഷിച്ചു. വിഷയത്തില്‍ അടിയന്തരമായി നടപടി വേണം. ബി.ജെ.പി. നിലപാട് പറയണം. അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നു. മാതാവിന് സ്വര്‍ണ കിരീടം നല്‍കുന്നു. ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്'- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളിലും പ്രതിഷേധം നടത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയതോടെ ഇരു സഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
What's Your Reaction?






