സി.കെ. ജാനു യു.ഡി.എഫിലേക്ക്: പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി
CK Janu joins UDF: Discussions held with opposition leader
തിരുവനന്തപുരം: ബി.ജെ.പി. നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവുമായുള്ള (എൻ.ഡി.എ.) ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി.) നേതാവ് സി.കെ. ജാനു കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് (യു.ഡി.എഫ്.) ചേരാനുള്ള ശ്രമം ശക്തമാക്കി. മുന്നണി പ്രവേശനം തേടി ജാനു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തി.
അതേസമയം, യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് സി.കെ. ജാനുവിൽനിന്ന് ഔദ്യോഗികമായി കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് വെളിപ്പെടുത്തി. "യു.ഡി.എഫിന് കത്ത് നൽകിയതായി കാട്ടി ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ തനിക്ക് ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടില്ല," അടൂർ പ്രകാശ് വ്യക്തമാക്കി.
ഉപാധികളൊന്നുമില്ലാതെയാണ് യു.ഡി.എഫുമായി സഹകരിക്കാനുള്ള തീരുമാനമെടുത്തത്. ഘടകകക്ഷിയായി ഉൾപ്പെടുത്താനുള്ള സാധ്യത തേടിയാണ് യു.ഡി.എഫിന് കത്ത് നൽകിയതെന്ന് അവർ പറഞ്ഞു. യു.ഡി.എഫ്. മുന്നണിക്കുള്ളിലെ കക്ഷികൾക്കിടയിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു.
What's Your Reaction?

