തലസ്ഥാനനഗരിയോട് വിട പറഞ്ഞ് വി.എസ്., ഉച്ചയ്ക്ക് ശേഷം ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍
തലസ്ഥാനത്തുനിന്ന് 151 കിലോമീറ്റര്‍ ദൂരം വിലാപയാത്ര നീളും.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അവസാന ദശാബ്ദങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തിരുവനന്തപുരത്തോട് വിടചൊല്ലി. തലസ്ഥാന നഗരിയിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷം ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വി.എസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തുനിന്ന് 151 കിലോമീറ്റര്‍ ദൂരം വിലാപയാത്ര നീളും.
തിരുവനന്തപുരത്തു നിന്ന് കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വി.എസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ ഒന്‍പത് മുതല്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസില്‍ വി.എസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്, രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തുക.
തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ആ സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പോലീസ് അറിയിച്ചു.
വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ -
തിരുവനന്തപുരം- പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം.
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
What's Your Reaction?






