'മനുഷ്യൻ എന്ന നിലയിലാണ് ഇടപെട്ടത്, നന്മ ചെയ്യുക എന്നത് ഉത്തരവാദിത്തം': കാന്തപുരം 

യെമനിലെ മതപണ്ഡിതര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ നീട്ടിവയ്ക്കാൻ സാധിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു

Jul 15, 2025 - 19:31
Jul 15, 2025 - 19:32
 0
'മനുഷ്യൻ എന്ന നിലയിലാണ് ഇടപെട്ടത്, നന്മ ചെയ്യുക എന്നത് ഉത്തരവാദിത്തം': കാന്തപുരം 

കോഴിക്കോട്: മനുഷ്യൻ എന്ന നിലയിലാണ് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മനുഷ്യനു വേണ്ടി ഇടപെടണം എന്നാണ് യെമനിലെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്. ഇവർ ഇടപെട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ നീട്ടിവയ്ക്കാൻ സാധിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

'തെറ്റു ചെയ്തവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതു നമ്മുടെ അധികാരത്തില്‍പ്പെട്ട കാര്യമല്ല. ഇസ്‌ലാം മതനിയമത്തിൽ ദിയത്ത് എന്ന പേരിലുള്ള പ്രായശ്ചിത്ത ധനം നൽകി വധശിക്ഷ ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇതിനായി നൽകേണ്ട ദിയധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ എംഎൽഎ ഏറ്റെടുത്തിട്ടുണ്ടെന്നും', കാന്തപുരം വ്യക്തമാക്കി. 'ഇസ്‌ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന മതമാണ്. അതു പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടതിനാലാണ് അവർ ഇടപെട്ടത്. വിഷയത്തിൽ ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു', അദ്ദേഹം വ്യക്തമാക്കി. 

'യെമൻ ജനതയ്ക്ക് സ്വീകാര്യരായ മുസ്‌ലിം പണ്ഡിതരെയാണ് ഈ വിഷയത്തിൽ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും അംഗീകരിക്കുന്നവരാണ് അവ‍ർ. മനുഷ്യന്‍ എന്ന നിലയ്ക്കു മാത്രമാണ് വിഷയത്തില്‍ ഇടപെട്ടത്. മുസ്‌ലിം എന്ന അഡ്രസ് നോക്കുന്നത് പള്ളികളിലും കോളജുകളിലും മാത്രമാണ്. പൊതുവിഷയത്തില്‍ ജാതിയോ മതമോ നോക്കാറില്ല. കൊലക്കുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഇസ്‌ലാം മതത്തില്‍ നിയമമുണ്ട്. ഈ കുറ്റത്തില്‍ പണം വാങ്ങി ഒഴിവാക്കണമെന്ന് പറയുകയായിരുന്നു', മുസല്യാര്‍ പറഞ്ഞു.

യെമനിലെ പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയാണ് കാന്തപുരം വധശിക്ഷ മാറ്റിവെക്കുന്നതിന് ആവശ്യമായ നിര്‍ണായക ഇടപെടല്‍ നടത്തിയത്. വധശിക്ഷ ബുധനാഴ്ച നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ടുള്ള യെമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം സമൂഹമാധ്യമത്തിലും പങ്കുവെച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow