കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കി
അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ രംഗങ്ങളിലെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ.റോയി (56) ജീവനൊടുക്കിയ നിലയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനിടെ, ബെംഗളൂരു അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണ് വിവരം. ഇന്ന് അഞ്ചു മണിയോടെയാണ് സംഭവം. പോലീസ് സംഘം സ്ഥലത്തെത്തിയെന്നും പരിശോധന നടക്കുകയാണെന്നും അശോക് നഗർ പോലീസ് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ച സി.ജെ.റോയ് ജീവകാരുണ്യ പ്രവർത്തനത്തിലും ചലച്ചിത്രനിർമാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസൽ കൂടിയായിരുന്നു.
റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്.
തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. സിനിമാനിർമാണത്തിലും സജീവമായിരുന്നു. ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.
What's Your Reaction?

