നടി ആക്രമിക്കപ്പെട്ട കേസ് വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറി
നാളെ നടക്കേണ്ടിയിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ദിലീപിന്റെ പിന്മാറ്റം ക്ഷേത്ര ഭാരവാഹികളാണ് സ്ഥിരീകരിച്ചത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമായിരിക്കെ, എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നിശ്ചയിച്ചിരുന്ന കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. നാളെ നടക്കേണ്ടിയിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ദിലീപിന്റെ പിന്മാറ്റം ക്ഷേത്ര ഭാരവാഹികളാണ് സ്ഥിരീകരിച്ചത്.
പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ലെങ്കിലും, ക്ഷേത്രവുമായി ബന്ധപ്പെട്ട ചില സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയിരുന്നുവെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യരും ഇന്നലെ പരസ്യമായി രംഗത്തെത്തി.
വിധിയിൽ തനിക്ക് അദ്ഭുതമില്ലെന്നാണ് അതിജീവിത പ്രതികരിച്ചത്. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. ഇരുവരുടെയും പരസ്യ പ്രതികരണത്തിന് പൊതുസമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ദിലീപ് ക്ഷേത്ര പരിപാടിയിൽ നിന്ന് പിന്മാറിയത്.
What's Your Reaction?

