കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പോലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകർ വടിവാളുമായി അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.