മസ്‌ക്കറ്റ്: ഒമാനിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിൽ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ.ജ്വല്ലറിയില്‍ സൂക്ഷിച്ച പണവും ഇവർ അപഹരിച്ചു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്.
23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. മസ്‌ക്കറ്റിലെ ഗുബ്‌റ പ്രദേശത്തെ ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങിയാണ് ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്തത്.
പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സിഫ ഏരിയയിലെ ഒരു ബീച്ചില്‍ ഒളിപ്പിച്ചുവെച്ച മോഷണവസ്തുക്കളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിനോദ സഞ്ചാരത്തിന്റെ മറവില്‍ വാടകയ്‌ക്കെടുത്ത ബോട്ട് ഉപയോഗിച്ചാണ് മോഷണമുതലുകള്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്തേക്ക് പ്രതികള്‍ കൊണ്ടുപോയത്.