സന്നിധാനത്ത് തിങ്കളാഴ്ചയെത്തിയത് ഒരുലക്ഷം ഭക്തർ, വൻ തിരക്ക്
ശരംകുത്തി വരെ ഭക്തരുടെ നീണ്ട നിരയാണ് ദൃശ്യമായത്
പത്തനംതിട്ട: മണ്ഡല തീർഥാടനകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട തിങ്കളാഴ്ച ശബരിമല സന്നിധാനത്ത് ഭക്തജനപ്രവാഹം തുടർന്നു. തിങ്കളാഴ്ച രാത്രി എട്ടുമണി വരെ മാത്രം തൊണ്ണൂറ്റിരണ്ടായിരത്തോളം (92,000) ഭക്തരാണ് ദർശനത്തിനായി എത്തിയത്. ശരംകുത്തി വരെ ഭക്തരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
ഭക്തരുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പമ്പയിലും സന്നിധാനത്തും കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പതിനെട്ടാംപടിയിൽ ആളുകളെ കയറ്റുന്നതിൽ വേഗം കൂട്ടിയും തിരക്ക് നിയന്ത്രിച്ചു. വലിയ നടപ്പന്തലിലെ അൽപ്പനേരത്തെ കാത്തുനിൽപ്പ് ഒഴിച്ചാൽ മറ്റ് വലിയ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ചത്തെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത്, ചൊവ്വാഴ്ചത്തേക്കുള്ള സ്‌പോട്ട് ബുക്കിംഗ് 5,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി. റാവഡ ചന്ദ്രശേഖർ സന്നിധാനത്തെത്തി. അയ്യപ്പ സന്നിധിയിൽ ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്.
സന്നിധാനത്ത് നിലവിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചൊവ്വാഴ്ച പടിയിറങ്ങും. തുടർന്ന് പുതിയ ബാച്ച് ചുമതലയേൽക്കും. ഇതിന്റെ ഭാഗമായുള്ള പരിപാടികളിലും ഡി.ജി.പി. പങ്കെടുക്കുമെന്നാണ് വിവരം.
What's Your Reaction?

