ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക വളരെ മോശം അവസ്ഥയിലാണുള്ളത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല.
ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ വായുമലിനീകരണം കുറയ്ക്കാൻ ഇന്നലെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്തില്ല.
ചൊവ്വാഴ്ച രണ്ടിടങ്ങളിലായി നടത്തിയ പരീക്ഷണമാണ് ഫലം കാണാതെ പോയത്. ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിങ്ങനെ പ്രധാനയിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. ഈർപ്പം കുറവായിരുന്നതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ നൽകിയ വിശദീകരണം.
ഇതേതുടർന്ന് ഡൽഹിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. 2, 3 ഘട്ടം ക്ലൗഡ് സീഡിങാണ് നടക്കുക. കൃത്രിമ മഴ ലഭിച്ചാൽ വായുമലിനീകരണത്തിന് ആശ്വാസം ഉണ്ടാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.കൂടാതെ ഡൽഹിയിലെ കൂടുതൽ കെട്ടിടങ്ങളിൽ ആന്‍റി സ്മോഗ് ഗൺ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.
വായുമലിനീകരണം ഉയർന്നതോടെ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. ബി എസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ബി എസ് സിക്സ് എൽ എൻ ജി സി എൻ ജി ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്കാണ് വിലക്ക്.