സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവെക്കുന്നവർക്ക് കേന്ദ്രത്തിന്റെ കനത്ത നിയന്ത്രണം; 2021-ലെ ഐടി ചട്ടത്തിൽ നിർണ്ണായക ഭേദഗതി

വാർത്താ വിതരണ മന്ത്രാലയത്തിന് (MIB) നേരിട്ട് ഇടപെടാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി

Mar 31, 2026 - 10:05
Mar 31, 2026 - 10:05
 0
സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവെക്കുന്നവർക്ക് കേന്ദ്രത്തിന്റെ കനത്ത നിയന്ത്രണം; 2021-ലെ ഐടി ചട്ടത്തിൽ നിർണ്ണായക ഭേദഗതി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവെക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധകർക്ക് നിലവിലുള്ള കർശനമായ ചട്ടങ്ങൾ ഇനിമുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബാധകമാക്കുന്ന തരത്തിലുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി.

വാർത്താ വിതരണ മന്ത്രാലയത്തിന് (MIB) നേരിട്ട് ഇടപെടാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതോടെ വ്യക്തിഗത അക്കൗണ്ടുകൾ വഴിയോ യൂട്യൂബ് ചാനലുകൾ വഴിയോ വാർത്തകൾ നൽകുന്നവർ നിയമപരമായ വലിയ ഉത്തരവാദിത്തങ്ങൾ നേരിടേണ്ടി വരും.

ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധകമായ പരാതിപരിഹാര സംവിധാനം ഇനിമുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബാധകമാകും. ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിക്ക് അത് പരിശോധിക്കാം.

ഐടി നിയമത്തിലെ 69A വകുപ്പ് പ്രകാരം പ്രശ്നമുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മന്ത്രാലയത്തിന് ഉത്തരവിടാം. കൂടാതെ മുന്നറിയിപ്പ് നൽകാനും ക്ഷമാപണം ആവശ്യപ്പെടാനും സർക്കാരിന് അധികാരമുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ കമ്മിറ്റിയുടെ പരിശോധന കൂടാതെ തന്നെ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിന് പ്രത്യേക അധികാരം ഉണ്ടായിരിക്കും.

നീക്കം ചെയ്ത ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറഞ്ഞത് 180 ദിവസത്തേക്ക് കമ്പനികൾ സൂക്ഷിച്ചുവെക്കണമെന്നും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

ആരെയൊക്കെ ബാധിക്കും?

ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പോസ്റ്റ് ചെയ്യുന്നവർ.

വലിയ തോതിൽ ഫോളോവേഴ്സ് ഉള്ളവരും വാർത്താപരമായ ഉള്ളടക്കം നിർമ്മിക്കുന്നവരും.

സ്വതന്ത്രമായി വാർത്താധിഷ്ഠിത പരിപാടികൾ അവതരിപ്പിക്കുന്ന ചാനലുകൾ.

ഇന്റർ-ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റി പരാതികൾ പരിശോധിച്ച ശേഷം ഉള്ളടക്കം നീക്കം ചെയ്യാനോ അല്ലെങ്കിൽ പോസ്റ്റിനൊപ്പം പ്രത്യേക അറിയിപ്പ് നൽകാനോ ശുപാർശ ചെയ്യും. ഇത് സർക്കാരിന് ബോധ്യപ്പെട്ടാൽ ഉടൻ നടപടിയുണ്ടാകും. അക്കൗണ്ട് മുഴുവനായി നീക്കം ചെയ്യാൻ കഴിയില്ലെങ്കിലും നിശ്ചിത ഉള്ളടക്കത്തിന്മേൽ കർശന നടപടി സ്വീകരിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow