റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.
റെയില്‍വേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് നടപടി. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍.
ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വക്കുകയായായിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തി. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. കേസും ആരോപണവും കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.രണ്ട് കന്യാസ്ത്രീകളും അംഗീകൃത സ്ഥാപനങ്ങളുടെ ഭാഗമാണെന്ന് സിബിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.