തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. നാളെ വൈകുന്നേരം അഞ്ച് വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ വഞ്ചിയൂര്‍ എസിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ തുടർന്നാണ് നാളെ വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ഇന്ന് ജാമ്യാപേക്ഷ നൽകിയിരുന്നു. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും അതിജീവിതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ഈശ്വർ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
തിങ്കളാഴ്ച വൈകിട്ട് ജില്ലാ ജയിലിൽ എത്തിച്ചു മുതൽ നിരാഹരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. നിലവിൽ ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.