കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. മുൻപ് കോടതി അനുവദിച്ച 6 ആഴ്ച സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വേണമെന്ന ഇഡി ആവശ്യം വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്.
കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.